

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് 15 ദിവസത്തെ പരോൾ കൂടി അനുവദിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കെ.കെ. രമ. കൊലയാളികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎം നൽകിയ വാക്കാണ്. സർക്കാരിന്റെ കാലാവധി തീരും മുമ്പ് അത് ബോധ്യപ്പെടുത്താനാണ് ഈ തുടർച്ചയായ പരോൾ നൽകൽ എന്നും അവർ കൂട്ടിച്ചേർത്തു.(CPM's assurance that the accused will be protected, KK Rema reacts to the re-granting of parole to the accused in the TP murder case)
പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജയിൽ മേധാവി കൊലയാളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ആളാണെന്നും രമ ആരോപിച്ചു. എന്നാൽ പ്രതികൾക്ക് പരോൾ നൽകിയത് സംബന്ധിച്ച് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം വർഷാവസാനം നൽകുന്ന സാധാരണ പരോൾ മാത്രമാണിത് എന്നാണ്. ശിക്ഷ അനുഭവിക്കുന്നവർക്ക് ചട്ടപ്രകാരം ലഭിക്കുന്ന അവകാശമാണിതെന്ന് അധികൃതർ പറയുന്നു.
ഒരു മാസം ജയിലിൽ കഴിയുന്നവർക്ക് 5 ദിവസം എന്ന കണക്കിൽ ഒരു വർഷം പരമാവധി 60 ദിവസം പരോൾ ലഭിക്കാൻ അർഹതയുണ്ട്. കഴിഞ്ഞ മാസങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ആർക്കും പരോൾ നൽകിയിരുന്നില്ല. ഡിസംബർ 31-ഓടെ ഈ വർഷത്തെ പരോൾ കാലാവധി അവസാനിക്കുന്നതിനാലാണ് ഇപ്പോൾ കൂടുതൽ പേർക്ക് അനുമതി നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടി.കെ. രജീഷിനും പരോൾ അനുവദിച്ചിരുന്നു.