'അതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ ?': വിസി നിയമനത്തിൽ ഗവർണറുമായുള്ള സമവായത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് CPM സംസ്ഥാന സെക്രട്ടറിയേറ്റ് | CPM
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായ നീക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം. ഗവർണറുമായുള്ള ഈ ഒത്തുതീർപ്പ് രാഷ്ട്രീയമായി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതാക്കൾ യോഗത്തിൽ മുന്നറിയിപ്പ് നൽകി.(CPM state secretariat criticizes CM over consensus with Governor on VC appointment)
മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന വികാരമാണ് യോഗത്തിലുടനീളം ഉയർന്നത്. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാർട്ടി നേരത്തെ ചർച്ച ചെയ്തിരുന്നില്ല. പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിലുണ്ടായതുപോലെ, വിസി നിയമനത്തിലും മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതിൻ്റെ ആവശ്യം ഉണ്ടായിരുന്നോയെന്നാണ് ചിലർ ചോദിച്ചത്. സെക്രട്ടേറിയറ്റ് യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ, വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന മുഖ്യമന്ത്രി, സർക്കാരിന്റെ നിലപാട് ഇതാണെന്ന് ആവർത്തിച്ചു.
ഗവർണറുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി, കേരള സർവകലാശാലാ രജിസ്ട്രാർ പദവിയിൽ നിന്ന് കെ.എസ്. അനിൽകുമാറിനെ സർക്കാർ നീക്കി. സസ്പെൻഷനിലായിരുന്ന അനിൽകുമാറിനെ തിരിച്ചെടുക്കാൻ നേരത്തെ ശക്തമായ നിലപാടെടുത്ത സർക്കാർ, ഒടുവിൽ ഗവർണർക്ക് മുന്നിൽ വഴങ്ങുകയായിരുന്നു. അനിൽകുമാറിനെ അദ്ദേഹത്തിന്റെ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലേക്ക് തിരികെ നിയമിച്ചു. സസ്പെൻഷനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ തിരക്കിട്ടുള്ള നീക്കം.
