തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എന്നാൽ, സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾക്കെതിരെ നടപടിയെടുക്കാത്തതും ശബരിമല വിവാദങ്ങളും തിരിച്ചടിയായി. സർക്കാരിന്റെ ചില നീക്കങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി പ്രവർത്തകർ ഏറ്റവും കൂടുതൽ നേരിട്ടത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന പശ്ചാത്തലത്തിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമായിരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകാൻ കഴിയാഞ്ഞത് വോട്ടർമാർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
കേന്ദ്രത്തിന്റെ പിഎംശ്രീ (PM SHRI) പദ്ധതിയുടെ ധാരണാപത്രത്തിൽ ചർച്ചകളില്ലാതെ ഒപ്പുവെച്ചത് വലിയ രാഷ്ട്രീയ തിരിച്ചടിയായെന്നാണ് സമിതിയുടെ വിലയിരുത്തൽ. സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് പിഎംശ്രീ കരാർ വിശ്വാസ്യത നൽകി. സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വിശ്വാസികളെ ചേർത്തുനിർത്തുന്നതിന് പകരം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതും പാർട്ടിക്ക് വിനയായി.
ഭരണരംഗത്ത് വലിയ വിവാദങ്ങളില്ലാത്ത കാലമായിരുന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാപരമായ വീഴ്ചയുണ്ടായി. പല ജില്ലാ കമ്മിറ്റികളും വലിയ വിജയം പ്രതീക്ഷിച്ചിരുന്നിടത്താണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ചു തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സമിതി തീരുമാനിച്ചു. ഈ പിഴവുകൾ പരിഹരിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് സംസ്ഥാന സമിതിയുടെ പ്രതീക്ഷ.