

തിരുവനന്തപുരം: സിപിഎം സഹയാത്രികനും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന സംഭവത്തെ പരിഹസിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാൾ പാർട്ടി അംഗമല്ലെന്നും നേതാക്കൾ വ്യക്തമാക്കി.
''റെജി ലൂക്കോസിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഒരു ബന്ധവും ഇല്ലാത്ത ഒരാളെ എങ്ങനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുക? വഴിയാത്രക്കാരന് എങ്ങോട്ട് വേണമെങ്കിലും പോകാമല്ലോ," എന്നായിരുന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ . രഘുനാഥ് വിഷയത്തിൽ പ്രതികരിച്ചത്.
"ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. ചാനലുകളിൽ പാർട്ടി വക്താവായി ഇദ്ദേഹത്തെ പാർട്ടി പ്രഖ്യാപിച്ചിട്ടുമില്ല. ചില വിഷയങ്ങൾ വരുമ്പോൾ വന്ന് സംസാരിക്കുന്നു എന്ന് മാത്രം. പലരും പാർട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാറുണ്ട്. അനുകൂലിച്ചവർ തന്നെ പിന്നീട് പ്രതികൂലിച്ചും സംസാരിക്കാറില്ലേ," എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
ചാനൽ ചർച്ചകളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു റെജി ലൂക്കോസ്. എന്നാൽ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സഹയാത്രികർ പാർട്ടി വിടുന്നത് സിപിഎമ്മിന് ക്ഷീണമാണെന്ന വിലയിരുത്തലുകൾക്കിടെയാണ്, അദ്ദേഹത്തെ തള്ളിക്കൊണ്ട് പാർട്ടി നേതൃത്വം രംഗത്തെത്തിയത്.