കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. നേതാക്കളെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ച യു.ഡി.എഫ്. പ്രവർത്തകരുടെ നടപടി വിവാദമായി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.(CPM says it will file a complaint over slogans of murder during victory demonstration)
കഴിഞ്ഞ ദിവസം രാത്രി നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. സി.പി.എം. നേതാവും പ്രമുഖ പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന നാസർ കൊളായി, കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല എന്നിവരെ കൊല്ലുമെന്നായിരുന്നു ആക്രോശം.
"ഒന്നും രണ്ടും പ്രതികൾ തങ്ങളായിരിക്കും" എന്നും പ്രകടനത്തിൽ പങ്കെടുത്ത രണ്ട് പേർ പരസ്യമായി വിളിച്ചുപറയുന്നുണ്ടായിരുന്നു. റോഡരികിൽ മാറി നിന്ന് ആഘോഷ പരിപാടികൾ വീക്ഷിക്കാനെത്തിയവർക്ക് നേരെയാണ് ഈ പരസ്യ കൊലവിളി നടന്നത്. മുൻ വാർഡ് അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.
യു.ഡി.എഫ്.-വെൽഫെയർ പാർട്ടി സംയുക്തമായാണ് ഈ ആഘോഷ പ്രകടനം നടത്തിയതെന്ന് സി.പി.എം. ആരോപിച്ചു. "യു.ഡി.എഫ്.-വെൽഫെയർ പാർട്ടിയുടെ സംയുക്ത ആഘോഷ പ്രകടനത്തിലാണ് തങ്ങൾക്ക് നേരെ കൊലവിളി ഭീഷണി ഉയർന്നത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ പോലീസിൽ പരാതി നൽകും," നാസർ കൊളായി പറഞ്ഞു.