പാലക്കാട് : ബലാത്സംഗകേസിന് പിന്നാലെ ഒളിവിൽപോകുകയും 15 ദിവസത്തിനുശേഷം പുറത്തുവരികയും ചെയ്ത കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് പ്രതിഷേധം. രാഹുല്‍ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.
കോൺഗ്രസ് പ്രവർത്തകരും മാങ്കൂട്ടത്തിലിന് ഒപ്പമുണ്ടായിരുന്നു. ബൂത്തിലെത്തിയ രാഹുലിനെ കോൺഗ്രസ് പ്രവർത്തകർ ബൊക്കെ നൽകി സ്വീകരിച്ചു. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമെത്തിയിരുന്നു.
അതേസമയം,നവംബർ 27ന് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽപ്പോയത്. മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്‌തുവെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും പറഞ്ഞ് അന്നാണ് ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു.
ഇതിന് പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു. അതിലും കേസെടുത്തു. രണ്ട് കേസിലും മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് ഒളിവിൽനിന്ന് പുറത്തുവന്നത്.