പാലക്കാട്: മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സി.പി.എം. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസൻ അറസ്റ്റിലായി. ഒളിവിലായിരുന്ന ഹരിദാസൻ മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇയാൾ കീഴടങ്ങാൻ നിർബന്ധിതനായത്.(CPM local secretary surrenders in Spirit case)
കേസിൽ മുഖ്യപ്രതിയായ സി.പി.എം. ലോക്കൽ സെക്രട്ടറി ഹരിദാസനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്ന വിധം പ്രവർത്തിച്ചതിനും എതിരെയാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ചിറ്റൂരിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. ലോക്കൽ സെക്രട്ടറി ഹരിദാസും സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് കേസിൽ അറസ്റ്റിലായ കണ്ണയ്യന്റെ മൊഴി. ഇതോടെ ഹരിദാസനെ ഒന്നാം പ്രതിയാക്കി കേസെടുത്തു.
ഹരിദാസന് സ്പിരിറ്റ് എത്തിച്ചു നൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതി ഹരിദാസനെതിരെ കേസെടുത്തതിന് പിന്നാലെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യപ്രതിയായ ഹരിദാസൻ ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് ആരോപിച്ച പ്രശാന്ത് ശിവൻ, ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോയും തെളിവായി പങ്കുവെച്ചിരുന്നു.