മലപ്പുറം:തെന്നലയിൽ പൊതുവേദിയിൽ കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി സെയ്തലവി മജീദ്. തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ മുസ്ലീം ലീഗ്, "വിവാഹം ചെയ്ത് കൊണ്ടുവന്ന പെൺകുട്ടികളെ" രംഗത്തിറക്കി എന്ന് ആരോപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം.(CPM leader's strong anti-women speech against Muslim League in Malappuram)
പുതിയതായി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സ്വീകരണ യോഗത്തിലാണ് സെയ്തലവി മജീദ് വിവാദ പ്രസംഗം നടത്തിയത്. തൻ്റെ വീട്ടിലും പെണ്ണുങ്ങൾ ഉണ്ടെന്നും, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല, ഇതിലും വലുത് കേൾക്കേണ്ടി വരുമെന്നും പറഞ്ഞ ഇയാൾ, അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതിയെന്നും, അല്ലെങ്കിൽ വീട്ടിൽ വീട്ടമ്മയായി ഇരുന്നാൽ മതിയെന്നും കൂട്ടിച്ചേർത്തു.
"ഞാൻ ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളൂ, നേരിടാൻ അറിയാം," അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറിയായിരുന്ന സെയ്തലവി മജീദ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയിരുന്നു. അധിക്ഷേപ പ്രസംഗം നടത്തുമ്പോൾ അവിടെയുണ്ടായിരുന്നവർ കയ്യടിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
സി.പി.എം. നേതാവിന്റെ ഈ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ പരാതി നൽകാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.