ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട CPM നേതാവ് കോൺഗ്രസിൽ ചേർന്നു | CPM

ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ പാർട്ടി അംഗത്വം നൽകി ജോൺസനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട CPM നേതാവ് കോൺഗ്രസിൽ ചേർന്നു | CPM
Published on

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന പി.ജെ. ജോൺസൺ ആണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യതയില്ലെന്നായിരുന്നു ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെത്തുടർന്ന് ജോൺസനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.(CPM leader who faced action for criticizing Health Minister Veena George joins Congress)

ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ പാർട്ടി അംഗത്വം നൽകി ജോൺസനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള സംഘടനയിൽ അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പി.ജെ. ജോൺസൺ പ്രതികരിച്ചു.

ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: 'ഇന്ന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി! ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും, കോൺഗ്രസ് പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദ്'.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രിയെ വിമർശിച്ച് ജോൺസൺ പോസ്റ്റിട്ടത്. പാർട്ടി നടപടി വന്ന ശേഷവും ജോൺസൺ വിമർശനം തുടർന്നിരുന്നു. 'ഗർവ്വികളോട് കൂടെ കവർച്ച പങ്കിടുന്നതിനേക്കാൾ താഴ്മയുള്ളവരോട് കൂടെ താഴ്മയുള്ളവനായി ഇരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പോസ്റ്റ്. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.

Related Stories

No stories found.
Times Kerala
timeskerala.com