

കണ്ണൂർ: പൊലീസിനു നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് വി.കെ. നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷാദ് നൽകിയ ഹർജി ഒമ്പതാം തീയതി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരോൾ നീട്ടിനൽകാൻ തീരുമാനമായത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നാണ് നിഷാദ് പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. എന്നാൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നുള്ള നിയമപ്രശ്നങ്ങൾ കാരണം ഇദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികമേൽക്കാൻ സാധിച്ചിട്ടില്ല.