കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സി പി എം നേതാവിന്റെ അതിക്രമം. എസ്ഐയുടെ മുറിയിൽ ഇരച്ചുകയറി മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും നിരത്തി വെച്ചായിരുന്നു നേതാവിന്റെ ഭീഷണി. കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന എം. സജീവിനും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.(CPM leader threatens SI at police station in Kollam)
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടടുപ്പിച്ചാണ് സംഭവം. എസ്ഐ ആർ.യു. രഞ്ജിത്തിന്റെ മുറിയിലേക്ക് പ്രവർത്തകർക്കൊപ്പം എത്തിയ സജീവ്, കൈവശം കരുതിയിരുന്ന വാഴയിലപ്പൊതി മേശപ്പുറത്ത് തുറന്നുവെക്കുകയായിരുന്നു. എസ്ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും സ്റ്റേഷനിലെ ഗ്രിൽ അടിച്ചുതകർക്കാൻ മുതിർന്നതായും പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ ഒരു യുവാവ് ഓടിച്ച ബൈക്ക് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. രേഖകളില്ലാത്ത ഈ ബൈക്ക് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സജീവ് എസ്ഐയെ സമീപിച്ചിരുന്നു. എന്നാൽ നിയമവിരുദ്ധമായി ബൈക്ക് വിട്ടുനൽകാൻ എസ്ഐ വിസമ്മതിച്ചതാണ് നേതാവിനെ ചൊടിപ്പിച്ചത്.