കൊല്ലം: സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മുൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേന്നു. 30 വർഷത്തെ ദീർഘകാല സി.പി.എം ബന്ധം ഉപേക്ഷിച്ചാണ് അവർ ലീഗ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കൊല്ലം ജില്ലാ ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് സുജയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
മൂന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജ ചന്ദ്രബാബു, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ വ്യക്തമാക്കി. ഒരു പദവിയും മോഹിച്ചല്ല, മറിച്ച് ലീഗിന്റെ നയങ്ങളിൽ ആകൃഷ്ടയായാണ് വന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലയിൽ നിന്ന് സി.പി.എം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിതാ നേതാവാണിവർ. കഴിഞ്ഞ ആഴ്ച മുൻ എം.എൽ.എ ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.കേരള രാഷ്ട്രീയത്തിൽ ഇതൊരു പുതിയ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്തുന്ന ഈ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.