

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ പി ഇന്ദിരയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പിന്നാലെ പുതിയ മേയർക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാക്കുപിഴ കൗൺസിൽ ഹാളിൽ ചിരി പടർത്തി.(CPM leader gets tongue-tied during greeting new mayor in Kannur)
മേയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. പ്രകാശിനിയാണ് പ്രസംഗത്തിനിടെ അബദ്ധത്തിൽ പെട്ടത്. "കണ്ണൂരിന്റെ സമഗ്രമായ, നീതിപൂർവ്വമായ, വിവേചനരഹിതമായ, അഴിമതി ഭരണം കാഴ്ചവെക്കുമ്പോൾ എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും" എന്നായിരുന്നു പ്രകാശിനിയുടെ വാക്കുകൾ.
'അഴിമതി രഹിത ഭരണം' എന്ന് പറയുന്നതിന് പകരം 'അഴിമതി ഭരണം' എന്ന് വന്നത് ശ്രദ്ധയിൽപ്പെട്ട മുൻ മേയർ ടി.ഒ. മോഹനൻ ഉടൻ തന്നെ തിരുത്തിയെങ്കിലും, താൻ 'അഴിമതി രഹിത ഭരണം' എന്ന് തന്നെയാണ് പറഞ്ഞതെന്ന വിശദീകരണത്തിൽ പ്രകാശിനി ഉറച്ചുനിന്നു. പയ്യാമ്പലം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ ഇന്ദിര വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരമേറ്റത്.