കണ്ണൂർ: സി.പി.എം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പയ്യന്നൂരിലെ പാർട്ടിയിൽ ചില ക്രിമിനൽ സംഘങ്ങൾ വളർന്നുവരുന്നുണ്ടെന്നും അവർക്ക് എം.എൽ.എ മധുസൂദനൻ താങ്ങും തണലും നൽകുകയാണെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. സി.പി.എം പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(CPM is trying to provoke, says V Kunhikrishnan)
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് വെള്ളൂരിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രസന്നന്റെ ബൈക്ക് കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇത് വ്യക്തമായ പ്രകോപനമാണ്. ഇത്തരം അക്രമങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇതിനെയൊക്കെ മറികടന്ന് മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിച്ച് പ്രകടനം നടത്തിയത് തെറ്റായ നടപടിയാണെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. ഇത്തരം പ്രകടനങ്ങൾ ഇനി പാടില്ലെന്ന് നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരിലേക്ക് അണികൾ കൂടുതൽ അടുക്കുന്നത് തടയാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ഈ നീക്കമെന്നാണ് കരുതുന്നത്.