തിരുവനന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് രംഗത്ത്. കെ.സി. വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം. ഭയപ്പെടുന്നു എന്നതിനാലാണ് രാഷ്ട്രീയ മാന്യതയില്ലാതെ എം.വി. ഗോവിന്ദൻ അദ്ദേഹത്തെ അപഹസിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.(CPM is afraid of KC Venugopal's popularity, says Cherian Philip)
ബിഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി. വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നാണ് എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വിമർശിച്ചത്. എം.വി. ഗോവിന്ദൻ്റെ ഈ പ്രസ്താവന സി.പി.എം. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ ഉള്ള പരോക്ഷ വിമർശനമാണെന്നും ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു.
"കേരളത്തിൽ മാത്രം എപ്പോഴും പ്രവർത്തിക്കുന്ന സി.പി.എം. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിക്കു നേരെയുള്ള പരോക്ഷ വിമർശനം കൂടിയാണ് ഗോവിന്ദൻ്റെ ഈ പ്രസ്താവന," ചെറിയാൻ ഫിലിപ്പ് പറഞ്ഞു.