തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിനെതിരെ സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് അവഗണിക്കാൻ സിപിഎം തീരുമാനം. ധാരണാപത്രം (MOU) ഒപ്പ് വെക്കുന്നതുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടെ, സിപിഐ കടുത്ത അതൃപ്തിയിലാണ്. മന്ത്രിസഭാ യോഗത്തിൽ ആശങ്ക ഉന്നയിച്ചിട്ടും സിപിഎം ചർച്ചയുടെ കാര്യം പോലും പറയാത്തതിൽ അവർക്ക് അമർഷമുണ്ട്. എം.എ. ബേബി നൽകിയ ഉറപ്പ് പോലും പരിഗണിക്കാത്ത മുഖ്യമന്ത്രിയുടെയും സംസ്ഥാന നേതാക്കളുടെയും നിലപാടിൽ സിപിഐക്ക് അമർഷം നിലനിൽക്കുന്നു.(CPM ignores CPI's opposition on PM SHRI scheme)
സിപിഎമ്മും വിദ്യാഭ്യാസമന്ത്രിയും പലതരം വിശദീകരണങ്ങൾ നൽകുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ നിന്ന് സിപിഐ പിന്നോട്ട് പോകുന്നില്ല. ഇന്നലെ നടന്ന കാബിനറ്റ് യോഗത്തിൽ റവന്യൂമന്ത്രി കെ. രാജനാണ് വിമർശനം ഉയർത്തിയത്.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ പദ്ധതി. ഇപ്പോൾ വീണ്ടും പദ്ധതിയിൽ ചേരുന്നുവെന്ന വാർത്ത വരുന്നു, ഇതിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും രാജൻ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സിപിഐയുടെ ആശങ്കകളോട് പ്രതികരിച്ചില്ല. റവന്യൂമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ യോഗം മറ്റ് അജണ്ടകളിലേക്ക് കടന്നു.