'CPIയേക്കാൾ വലുതാണ് CPMന് BJP എന്ന് തെളിയിച്ചു': പ്രതിപക്ഷ നേതാവ്, 'LDF പോകേണ്ട വഴി ഇതല്ല' എന്ന് ബിനോയ് വിശ്വം, 'CPI അപമാനിക്കപ്പെട്ടതായി തോന്നുന്നില്ല' എന്ന് K പ്രകാശ് ബാബു | CPM

മുന്നണിയിൽ തുടരുമോ എന്ന ചോദ്യത്തിന്, "അതൊക്കെ 12.30 കഴിഞ്ഞ് പറയാം," എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ മറുപടി
CPM has proven that BJP is closer than CPI, says Opposition leader
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഐ പോലും അറിയാതെയാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും, ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന് ഇടനിലയായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(CPM has proven that BJP is closer than CPI, says Opposition leader)

മോദിയെ മുഖ്യമന്ത്രി കണ്ടതിന് തൊട്ടുപിന്നാലെയാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചു. സർക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണ് എന്നും അദ്ദേഹം വിമർശിച്ചു.

സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും സർക്കാർ നോക്കിയില്ല. പദ്ധതിയിലെ നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ എതിർപ്പ് നിലനിൽക്കെ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് നേരത്തെ സിപിഐ നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവും ശക്തമായ വിമർശനം ഉയർത്തിയിരിക്കുന്നത്.

മുന്നണി മര്യാദ ലംഘിച്ചെന്ന് ബിനോയ് വിശ്വം

സിപിഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയിൽ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പോകേണ്ട വഴി ഇതല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി മര്യാദയുടെ ലംഘനമാണ് നടന്നതെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയിൽ തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, "അതൊക്കെ 12.30 കഴിഞ്ഞ് പറയാം," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. കടുത്ത തീരുമാനങ്ങളിലേക്ക് പാർട്ടി കടക്കുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് ലഭിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിനെ പൂർണമായി തള്ളാതെ കെ. പ്രകാശ് ബാബു

സിപിഐയുടെ കടുത്ത എതിർപ്പിനെ പാടേ അവഗണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെ വ്യാപക വിമർശനം ഉയരുമ്പോഴും, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പൂർണമായി തള്ളാതെ സിപിഐ മുതിർന്ന നേതാവ് കെ. പ്രകാശ് ബാബു പ്രതികരിച്ചു.

സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ലെന്നും, വിഷയത്തിൽ ചർച്ചകൾ നടക്കട്ടെയെന്നുമാണ് പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. "നയപരമായ കാര്യത്തിൽ ഗവൺമെന്റ് സെക്രട്ടറി ഒപ്പിടാൻ പാടില്ലാത്തതാണ്." എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ മുന്നണി മര്യാദ ലംഘിക്കപ്പെട്ടുവെന്ന് തുറന്നടിച്ച സാഹചര്യത്തിലും, സർക്കാരിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രകാശ് ബാബുവിന്റെ പ്രതികരണം ശ്രദ്ധേയമായി.

Related Stories

No stories found.
Times Kerala
timeskerala.com