തിരുവനന്തപുരം: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വോട്ടുകോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാൾക്ക് 50 ലക്ഷം രൂപ നൽകി ചാക്കിട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ഒരു ത്വരയും സിപിഎമ്മിനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM doesn't need to catch someone for 50 lakhs, MV Govindan on Vadakkencherry Vote rigging controversy)
സിപിഎം ഒരിക്കലും അവസരവാദ നിലപാടുകൾ സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന പാർട്ടിയാണിത്. ഭരണത്തിനായി കുതിരക്കച്ചവടം നടത്തുന്ന രീതി സിപിഎമ്മിന്റേതല്ല. നിലവിൽ പുറത്തുവന്ന വാർത്തകളെക്കുറിച്ച് പാർട്ടി പരിശോധിക്കും. ഈ വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റത്തൂരിൽ ചില കാര്യങ്ങൾ സംഭവിച്ചു, എന്നാൽ അത്തരം നിലപാടല്ല പാർട്ടി പൊതുവെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാക്കളാണ് മറുപടി പറയേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക് നീങ്ങുമ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. കേസിൽ സിബിഐ അന്വേഷണം വേണോ എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളിൽ അംഗീകരിക്കാൻ കഴിയുന്നവ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യും. സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരും എസ്എൻഡിപിയും തമ്മിലാണ് ചർച്ച ചെയ്യേണ്ടത്, അതിൽ പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.