'SIR പൗരത്വ നിയമത്തിൻ്റെ വളഞ്ഞ വഴി': യോഗത്തിൽ എതിർപ്പുമായി CPM, കോൺഗ്രസ്, CPI പാർട്ടികൾ, പിന്തുണച്ച് BJP | SIR

എസ്.ഐ.ആറിനെ പിന്തുണച്ചുകൊണ്ടാണ് ബി.ജെ.പി. രംഗത്തെത്തിയത്
'SIR പൗരത്വ നിയമത്തിൻ്റെ വളഞ്ഞ വഴി': യോഗത്തിൽ എതിർപ്പുമായി CPM, കോൺഗ്രസ്, CPI പാർട്ടികൾ, പിന്തുണച്ച് BJP | SIR
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും രാഷ്ട്രീയ പാർട്ടികളും തമ്മിൽ നടന്ന യോഗത്തിൽ ശക്തമായ എതിർപ്പും പിന്തുണയും. സി.പി.ഐ., സി.പി.എം., കോൺഗ്രസ് എന്നീ പാർട്ടികൾ എസ്.ഐ.ആറിനെ എതിർത്തപ്പോൾ, ബി.ജെ.പി. പിന്തുണയുമായി രംഗത്തെത്തി.(CPM, Congress, CPI parties opposed SIR, while BJP supported it)

എസ്.ഐ.ആർ. നടപ്പാക്കുന്നത് പൗരത്വ നിയമം (CAA) നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണോ എന്ന സംശയമാണ് സി.പി.എം. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രക്രിയയും എസ്.ഐ.ആറും ഒന്നിച്ചാണ് നടക്കുന്നത് എന്നും, ഇത് ബി.എൽ.ഒമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾ നിർത്തിവയ്‌ക്കേണ്ട അവസ്ഥയുണ്ടാക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.

നിലവിലുള്ള വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാൻ നീക്കമുണ്ടോ എന്ന് സംശയിക്കുന്നുവെന്നും, പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ശ്രമമാണിത് എന്നും, സി.ഇ.ഒ. അയച്ച കത്തിനും നിയമസഭ പാസാക്കിയ പ്രമേയത്തിനും വില കൽപ്പിച്ചില്ല എന്നും പറഞ്ഞ അദ്ദേഹം, 2002-ലെ വോട്ടർ പട്ടികയിൽ ഉള്ള മാതാപിതാക്കൾ മരിച്ചുപോയാൽ, അതിന് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. റേഷൻ കാർഡ് രേഖയായി സ്വീകരിക്കാത്തതിനെയും എം.വി. ജയരാജൻ വിമർശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്.ഐ.ആർ. നടപ്പാക്കരുത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം സി.ഇ.ഒ. അറിയിക്കണം. പൗരത്വ രജിസ്റ്റർ നടപ്പാക്കുന്ന അസമിനെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കിയത് സംശയം ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഈ സമയത്ത് എസ്.ഐ.ആർ. നടപ്പാക്കരുതെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സി.ഇ.ഒ. അയച്ച കത്തിന് പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. സുപ്രീംകോടതിയിലെ കേസോ, നിയമസഭ പാസാക്കിയ പ്രമേയമോ പോലും പരിഗണിച്ചില്ല. ജനങ്ങൾക്ക് ഇരട്ട ശിക്ഷയാണിത്. സി.ഇ.ഒ. ഡൽഹിയിൽ പോയി എതിർപ്പ് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ. നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സി.പി.ഐ. എതിർപ്പ് അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ. മാറ്റിവച്ചത് ചൂണ്ടിക്കാട്ടിയ സി.പി.ഐ., തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.

എസ്.ഐ.ആറിനെ പിന്തുണച്ചുകൊണ്ടാണ് ബി.ജെ.പി. രംഗത്തെത്തിയത്. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള ശ്രമമാണിതെന്നും മുമ്പ് എസ്.ഐ.ആർ. നടപ്പാക്കിയപ്പോൾ ഇല്ലാത്ത എതിർപ്പ് ഇപ്പോൾ ഉന്നയിക്കുന്നത് ദുരൂഹമാണെന്നും ബി.ജെ.പി. നേതാവ് എസ്. സുരേഷ് പറഞ്ഞു. ഈ രാജ്യത്തെ പൗരന്മാർ അല്ലാത്ത ആരും വോട്ടർ പട്ടികയിൽ ഉണ്ടാകരുത്. എസ്.ഐ.ആർ. പ്രക്രിയ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുത്. പൗരത്വ രജിസ്റ്ററും എസ്.ഐ.ആറും തമ്മിൽ കൂട്ടിക്കെട്ടരുതെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com