
കൊല്ലം സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുൻപന്തിയിൽ നിന്ന് ചുക്കാൻ പിടിക്കേണ്ട എംഎൽഎയെ കാണാനില്ല. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷിന്റെ അഭാവമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ മുന്നിൽ നിൽക്കേണ്ട ആളാണ് മുകേഷ്. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടനത്തിന് മുകേഷ് പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കൊല്ലം സിപിഎം സമ്മേളനത്തിന്റെ ഏരിയായിൽ സ്ഥലം എംഎൽഎയുടെ പൊടിപോലും ഉണ്ടായില്ല. ഒടുവിൽ കിട്ടിയ വിവരം മുകേഷ് എറണാകുളത്ത് ഷൂട്ടിങ്ങിലാണെന്നാണ്.
അതേസമയം, ലൈംഗികാരോപണം ഉണ്ടായ സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയിരിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ഷൂട്ടിങ് തിരക്കിലായതിനാൽ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മുകേഷ് പാർട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്തായാലും കൊല്ലത്തെ സിപിഎം നേതാക്കൾ ആരും വിഷയത്തിൽ 'കമ' എന്നൊരക്ഷരം മിണ്ടിയിട്ടില്ലെന്നാണ് വിവരം.
'മുകേഷ് എവിടെ' എന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. "ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാം?" എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതോടെ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കോട്ടയത്ത് ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നുമാണ് എംഎൽഎയുടെ മറുപടി.
ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊല്ലത്ത് വരുമ്പോൾ എല്ലാത്തിനും മറുപടി പറയും. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങൾക്ക് എത്രയോ ബിരിയാണി ഞാൻ തന്നിട്ടുണ്ട്. ഒരു ബിരിയാണി കൂടി കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേയെന്നും തമാശ രൂപേണ മുകേഷ് മറുപടി നൽകിയെന്നാണ് വിവരം.