തിരുവനന്തപുരം: പി.എം.-ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു.(CPM-BJP ties exposed, says Sunny Joseph)
എൽ.ഡി.എഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ പി.എം.-ശ്രീ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ്ണവിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പോയി. മോഷണ കേസിൽ തൊണ്ടി മുതൽ പ്രധാനമാണ്. ശബരിമല മോഷണക്കേസിലെ പ്രതികൾ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ് എന്നും, എന്നാൽ അത് പറഞ്ഞ് പരിഹരിച്ചിട്ടുണ്ട് എന്നും പറഞ്ഞ അദ്ദേഹം, കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലാണ് എന്നും പ്രതികരിച്ചു.
കെ.പി.സി.സി. ഭാരവാഹി പട്ടികയിൽ തിരുത്തുണ്ടാകുമോ എന്ന ചോദ്യത്തിന്, ആലോചിച്ച ശേഷം ഉചിതമായത് ചെയ്യുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.