തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്ത്. എന്നാൽ, ഈ ആവശ്യങ്ങളോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ മുഖംതിരിക്കുകയും, സമയബന്ധിതമായി തന്നെ എസ്ഐആർ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.(CPM and Congress want SIR to be postponed, Chief Electoral Officer rejects demand)
എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നും നാളെയും (നവംബർ 15, 16) കൊണ്ട് എന്യുമറേഷൻ ഫോം വിതരണം പൂർത്തിയാക്കണമെന്ന കമ്മീഷൻ്റെ കർശന നിർദേശത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ബിഎൽഒമാർക്ക് താങ്ങാനാകാത്ത ഭാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്. ചില ബിഎൽഒമാർ തളർന്നു വീണുവെന്നും കോൺഗ്രസ് വ്യക്തമാക്കി. എസ്ഐആർ ജോലിയും തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ ആകില്ലെന്ന് ജീവനക്കാരുടെ സംഘടനകളും കത്ത് നൽകിയിരുന്നു. പാർട്ടികളുടെ യോഗത്തിന് മിനിറ്റ്‌സില്ലാത്തതിൽ കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു.
ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എസ്ഐആറിനെതിരെ എതിർപ്പ് ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ പ്രതികരിച്ചു. "ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി, വ്യാജ വോട്ട് ചേർത്തു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ പ്രവർത്തനങ്ങൾ മാറ്റിവെക്കണം." ഫോമുകൾ പൂരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ഫോം തിരിച്ചുവാങ്ങാനുള്ള സമയപരിധി ഡിസംബർ അവസാനം വരെയെങ്കിലും നീട്ടണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ എസ്ഐആർ നടത്തണമെന്ന് എന്താണ് വാശിയെന്ന് സിപിഐ നേതാവ് സത്യൻ മൊകേരി ചോദിച്ചു. എസ്ഐആർ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ അറിയിച്ചു. എന്നാൽ, ആരോപണം ഉന്നയിച്ച് എസ്ഐആറിൻ്റെ ശോഭ കെടുത്തരുത്. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കഴിയും വരെ എസ്ഐആർ പ്രവർത്തനം മാറ്റുന്നില്ലെങ്കിൽ ദുരുദ്ദേശ്യമുണ്ടെന്ന് പറയേണ്ടി വരുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് സ്റ്റീഫൻ ജോർജും ആവശ്യപ്പെട്ടു. പാർട്ടികളുടെ നിർദേശങ്ങൾ തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, സമയബന്ധിതമായി തന്നെ എസ്ഐആർ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി. മലയോര മേഖലയിലൊഴികെ ഈ മാസം 16-ന് (നാളെ) ഫോം വിതരണം പൂർത്തിയാക്കും. പാർട്ടികളുടെ സഹായത്തോടെ എസ്ഐആർ വേഗത്തിലാക്കാം. ഡിസംബർ ഒൻപതിന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.