

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കൗൺസിലിൽ നാടകീയ രംഗങ്ങൾ. ബിജെപി കൗൺസിലർമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് സിപിഎം കൗൺസിലർ എസ്.പി. ദീപക് രംഗത്തെത്തി. എന്നാൽ, ഈ ഘട്ടത്തിൽ പരാതി ഉന്നയിക്കുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ കളക്ടർ സിപിഎമ്മിന്റെ ആക്ഷേപം തള്ളി.(CPM alleges violation of rules in oath-taking of BJP members in Thiruvananthapuram Corporation, Collector rejects complaint)
സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്നെ ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്ന് കളക്ടർ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അവർ ഔദ്യോഗികമായി അംഗങ്ങളായി മാറിക്കഴിഞ്ഞു. നടപടിക്രമങ്ങളിൽ ഇനി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ കൗൺസിലിൽ അറിയിച്ചു. കളക്ടറുടെ ഈ മറുപടിയെ കൈയടികളോടെയാണ് ബിജെപി അംഗങ്ങൾ സ്വീകരിച്ചത്.
ഇതോടെ തർക്കങ്ങൾക്ക് വിരാമമിട്ട് മേയർ തിരഞ്ഞെടുപ്പിനായുള്ള വോട്ടെണ്ണൽ നടപടികളിലേക്ക് വരണാധികാരിയായ കളക്ടർ കടന്നു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.