ഇടുക്കി: സംസ്ഥാന സ്കൂൾ കായികമേളയിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി വേഗറാണിയായ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയയ്ക്ക് ഇനി സ്വന്തമായി വീടൊരുങ്ങുന്നു. സി.പി.ഐ.എം. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ദേവപ്രിയയുടെ കുടുംബത്തിനായി വീട് നിർമ്മിച്ചു നൽകുന്നത്.(CPIM will build a house for Devapriya, Foundation stone laying today)
പുതിയ വീടിന്റെ തറക്കല്ലിടൽ ഇന്ന് നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുക്കുക.
ദേവപ്രിയയും ഹൈജംപ് താരമായ സഹോദരി ദേവനന്ദയും ഉൾപ്പെടുന്ന ഏഴംഗ കുടുംബം കഴിഞ്ഞിരുന്നത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിലായിരുന്നു. ഇവരെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ച ശേഷം പഴയ വീട് പൊളിച്ചാണ് പുതിയ വീടിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
ദേവപ്രിയ പഠിക്കുന്ന കാൽവരി സ്കൂളിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം താരത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.