കൊച്ചി: കലൂർ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം രാഷ്ട്രീയമായി നേരിടാൻ സി.പി.ഐ.എം. ജില്ലാ നേതൃത്വം തീരുമാനിച്ചു. ഈ വിഷയത്തിൽ കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകരുത് എന്ന് പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ നിർദേശം നൽകി.(CPIM decides to confront Kaloor Stadium controversy politically )
ജി.സി.ഡി.എ. (GCDA) എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിന് മുന്നോടിയായി സി.പി.ഐ.എം. അംഗങ്ങളുടെ യോഗം ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്.ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ളയാണ് കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് ആരോപിച്ചത്.
സ്റ്റേഡിയം കൈമാറ്റത്തിൽ ജി.സി.ഡി.എക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ. ചന്ദ്രൻപിള്ള പാർട്ടി ഫ്രാക്ഷനിൽ വ്യക്തമാക്കി. ചട്ടങ്ങളെല്ലാം പാലിച്ചാണ് സ്റ്റേഡിയം കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു. ജി.സി.ഡി.എക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷും പ്രതികരിച്ചു.
സ്റ്റേഡിയം സ്വകാര്യവത്കരിക്കാൻ പോകുന്നു എന്നത് തെറ്റായ പ്രചരണമാണെന്നും കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ഇന്നലെ സ്റ്റേഡിയം നശിപ്പിക്കാൻ സംഘടിതമായ ശ്രമം നടന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇത് അനുവദിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ പ്രതിരോധിക്കാനാണ് സി.പി.ഐ.എം. ജില്ലാ നേതൃത്വത്തിന്റെ നിലവിലെ തീരുമാനം.
അതേസമയം, ജി.സി.ഡി.എ.യുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. ബി.ഡി.ജെ.എസ്, യുവമോർച്ച തുടങ്ങിയ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജി.സി.ഡി.എക്ക് മുൻപിൽ പ്രതിഷേധ ഫുട്‌ബോൾ കളി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.