തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം.-സി.പി.ഐ. തർക്കം രൂക്ഷമാവുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ, മറുപടിയുമായി ബിനോയ് വിശ്വം വീണ്ടും രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ ഈ അഭിപ്രായഭിന്നത രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.(CPI will not succumb to any provocation, Binoy Viswam)
മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. "ഒരു പ്രകോപനത്തിനും വീഴാൻ സി.പി.ഐ. ഇല്ല. വി. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്നും ഇക്കാര്യം എല്ലാവർക്കും ബോധ്യം ഉണ്ടാകണം."
സി.പി.ഐക്ക് രാഷ്ട്രീയ ബോധ്യമുണ്ട്. പി.എം. ശ്രീയെക്കുറിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ല. ആർ.എസ്.എസിൻ്റെ വിദ്യാഭ്യാസ അജണ്ടയാണ് പി.എം. ശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണ്? പി.എം. ശ്രീയും എസ്.എസ്.കെ.യും ഒന്നല്ല. എസ്.എസ്.കെ. ഫണ്ടിന് കേരളത്തിന് അവകാശമുണ്ട്. എസ്.എസ്.കെ. ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം," അദ്ദേഹം വ്യക്തമാക്കി.
പി.എം. ശ്രീയെ ജയപരാജയങ്ങളുടെ അളവുകോൽ വെച്ച് അളക്കുന്നില്ല. പിന്മാറ്റം എൽ.ഡി.എഫ്. ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയമാണ്. സി.പി.ഐയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷം ആർ.എസ്.എസ്. അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും, ഇത് എൽ.ഡി.എഫിൻ്റെയോ ആരുടേയുമോ വിജയമോ പരാജയമോ അല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
"ആർ.എസ്.എസിനെതിരായ സമരത്തിൽ കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്നും പിന്നോട്ട് പോയത് ആരെന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നില്ല," എന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സി.പി.എം. പഠിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി തുറന്നടിച്ചു.
"എസ്.എസ്.കെ.യുടെ ഭാഗമായുള്ള 1152.77 കോടി കിട്ടുമോ എന്ന ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കിൽ വിദ്യാഭ്യാസമന്ത്രിയായ എനിക്ക് ബാധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുക്കണം." ആർ.എസ്.എസിനെ എതിർക്കാൻ നമ്മളെയേ ഉള്ളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്." ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വ്യക്തമാണ്. നമ്മളൊന്നും മണ്ടൻമാരല്ല. താൻ വസ്തുത പറയുകയാണ്. തിരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കത്തയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സി.പി.ഐക്ക് ആശങ്കയുണ്ടായിരുന്നില്ല, മാധ്യമങ്ങൾക്കായിരുന്നു ആശങ്ക. പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിൻമാറിയിട്ടില്ലെന്നും താൽക്കാലികമായി മരവിപ്പിച്ചേയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. സമിതിയെ പുച്ഛിക്കേണ്ട കാര്യമില്ല. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിർദ്ദേശങ്ങൾ രേഖപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.