PM ശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന വെളിപ്പെടുത്തൽ: CPI അതൃപ്തിയിൽ, വിശദീകരിക്കണമെന്ന് ഡി രാജ, ഇനിയും ശ്രമം തുടരുമെന്ന് MP | CPI

പ്രതിപക്ഷം ഇതിനെതിരെ പ്രചരണം ശക്തമാക്കി.
PM ശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന വെളിപ്പെടുത്തൽ: CPI അതൃപ്തിയിൽ, വിശദീകരിക്കണമെന്ന് ഡി രാജ, ഇനിയും ശ്രമം തുടരുമെന്ന് MP | CPI
Updated on

തിരുവനന്തപുരം: പി.എം.ശ്രീ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് സി.പി.ഐ.യിൽ കടുത്ത അതൃപ്തി. കരാറിന് പിന്നിൽ സി.പി.എം. രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ സി.പി.എം. വിശദീകരണം നൽകണമെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു.(CPI unhappy with revelation that John Brittas was the bridge in PM SHRI contract)

സി.പി.എമ്മും ഇടതുമുന്നണിയും നയപരമായി എതിർക്കുന്ന വിഷയത്തിൽ കരാറിലേർപ്പെടാൻ ബ്രിട്ടാസ് ഇടനില നിന്നെങ്കിൽ ആ നീക്കം നിഷ്‌കളങ്കമെന്ന് സി.പി.ഐ. കരുതുന്നില്ല. പി.എം.ശ്രീ കരാറിന് പിന്നിലെ ദുരൂഹതകളിൽ സി.പി.ഐക്ക് സംശയം ഇരട്ടിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേരളത്തിനും കേന്ദ്രത്തിനും ഇടയിലെ പി.എം.ശ്രീയിലെ പാലം ബ്രിട്ടാസായിരുന്നു എന്ന് രാജ്യസഭയിൽ തുറന്നുപറഞ്ഞിരുന്നു.

കടുത്ത അമർഷമുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കാലമായതിനാൽ പരസ്യമായി ഉടക്കിനില്ല എന്ന നിലപാടിലാണ് സി.പി.ഐ. സംസ്ഥാന നേതൃത്വം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത് കോൺഗ്രസിനെ വിമർശിച്ചുകൊണ്ടാണ്. കേന്ദ്രത്തിനും കേരളത്തിനും ഇടയിലെ പാലമെന്നാണെങ്കിൽ, അത് തന്റെ ഉത്തരവാദിത്തമാണെന്നാണ് ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രതികരണം. "കേരളത്തിന് പാരയായി നിൽക്കുന്നതല്ല എന്റെ പണി," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും ശ്രമം തുടരും. കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിനായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണും. അത് തന്റെ ചുമതലയാണെന്നും എം.പി. പറഞ്ഞു. പി.എം.ശ്രീ കരാറിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒപ്പിട്ടത് കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെയാണെന്നും, കെ.സി. പ്രതിപക്ഷ ഐക്യത്തെ അട്ടിമറിച്ചെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി. ധർമ്മേന്ദ്ര പ്രധാൻ സഭയെ തെറ്റിദ്ധരിപ്പിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബ്രിട്ടാസ് മറുപടി നൽകിയില്ല.

പുതിയ സാഹചര്യത്തിൽ പി.എം.ശ്രീ കരാറിൽ സി.പി.ഐ. നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ്-യു.ഡി.എഫ്. നേതാക്കൾ ആവശ്യപ്പെട്ടു. 'യൂ ടൂ ബ്രിട്ടാസ്', 'ബ്രിട്ടാസ് മുന്ന' എന്ന മട്ടിൽ സൈബർ പ്രചാരണവും പ്രതിപക്ഷം ശക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട പണം കിട്ടിയേ തീരൂ എന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ, കരാറുമായി ബന്ധപ്പെട്ട തുടർ ചർച്ചകളോട് സി.പി.എമ്മിന് വിമുഖതയുമാണ്.

Related Stories

No stories found.
Times Kerala
timeskerala.com