ആലപ്പുഴ : പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.
സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ. മുഖ്യമന്ത്രിയെ സിപിഐ മന്ത്രിമാർ അതൃപ്തി അറിയിച്ചു.സർക്കാർ ഒപ്പിടാൻ തീരുമാനിച്ചിട്ടില്ല എന്ന വിവരം പാർട്ടി കമ്മിറ്റികളെ അറിയിക്കുകയും ചെയ്തു. എന്നാൽ പതിനാറാം തീയതി തന്നെ ധാരണ പത്രത്തിൽ ഒപ്പുവെച്ചെന്നാണ് പുറത്തുവന്ന വിവരം. ഇത് തീർത്തും തെറ്റായ രീതിയാണെന്ന് സി പി ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. അതൃപ്തി അറിയിച്ച് കൊണ്ട് നാല് സിപിഐ മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകി.
അതേ സമയം, ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം എന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ശക്തമായ അഭിപ്രായവും എക്സിക്യൂട്ടിവിൽ ഉയർന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന വികാരവും ചിലർ പ്രകടിപ്പിച്ചു.