തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കടുത്ത നിലപാടുകളിലേക്ക് സിപിഐ കടക്കുന്നു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.(CPI to take tough decisions; may boycott cabinet meeting)
വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ (MoU) ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കിയുള്ള പോരിനാണ് സിപിഐ തയ്യാറെടുക്കുന്നത്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി ആലോചിക്കുന്നുണ്ട്. ഇടതുപാർട്ടികളുടെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സിപിഐ, സിപിഎം ദേശീയ നേതൃത്വത്തെ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടാൻ സിപിഐ
പിഎം ശ്രീ പദ്ധതി അംഗീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ ദേശീയ നേതൃത്വത്തെ മുൻനിർത്തിയുള്ള എതിർപ്പാകും സിപിഐ ഉയർത്തുക. ഇന്ന് ചേരുന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിൽ നിലവിൽ വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ഉയർന്നു വരാനാണ് സാധ്യത. വിഷയത്തിൽ സിപിഎം നിലപാട് വിശദീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സന്തോഷ് കുമാർ എം.പി. നേരത്തെ വ്യക്തമാക്കിയിരുന്നു.
പദ്ധതിയിൽ കേരളം ഒപ്പുവെച്ചു
സിപിഐയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവെച്ച 1500 കോടിയുടെ സർവശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ട് ഉടൻ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. മൂന്ന് തവണ മന്ത്രിസഭയിലടക്കം സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് സർക്കാർ ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.
പദ്ധതിയിൽ ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം.പി. പി. സന്തോഷ് കുമാർ രംഗത്തെത്തി. "ഗോളി തന്നെ സെൽഫ് ഗോളടിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "മാധ്യമവാർത്ത അനുസരിച്ച് തലയിൽ മുണ്ടിട്ട് പോയി ഒപ്പിട്ടുവെന്നാണ് പറയുന്നത്. അങ്ങനെ പോയി ആരെങ്കിലും ഒപ്പിട്ടിട്ടുണ്ടെങ്കിൽ അവരാണ് പ്രതികരിക്കേണ്ടത്.സിപിഐയുടെ കൃത്യമായ നിലപാട് പാർട്ടി സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു കൂട്ടായ്മയാണ്. 11 ഘടകകക്ഷികൾ അതിനകത്തുണ്ട്. പരസ്പരം മാനിക്കുന്നവരാണ് ഘടകകക്ഷികൾ. കഴിഞ്ഞ നാല് വർഷക്കാലമായി ഈ പദ്ധതിയിൽ ഒപ്പിടാതിരുന്നത് നിലപാടുകളിൽ ഊന്നി നടന്നതിനാലാണ്", പദ്ധതിയെ എതിർക്കുന്നു എന്നത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് സിപിഐ നേതൃയോഗം ചേരുന്നുണ്ട്. യോഗത്തിൽ വിഷയം വിശദമായി ചർച്ചയാകും.