തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ കേരള സർക്കാർ ഒപ്പിട്ടതിലുള്ള പ്രതിഷേധം ശക്തമാക്കി യു.ഡി.എസ്.എഫ്. പദ്ധതിക്കെതിരെ സംയുക്തമായി യോജിച്ച പോരാട്ടം എന്ന നിലയിൽ യു.ഡി.എസ്.എഫിന്റെ ആഹ്വാനപ്രകാരം ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ്.യു., എം.എസ്.എഫ്. എന്നീ വിദ്യാർത്ഥി സംഘടനകളാണ് ബന്ദിന് നേതൃത്വം നൽകുന്നത്.(CPI mouthpiece in PM SHRI controversy)
യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, ഈ മാസം 31-ന് ദേശീയപാത ഉപരോധം നടത്താനും യു.ഡി.എസ്.എഫ്. തീരുമാനിച്ചിട്ടുണ്ട്.
പി.എം. ശ്രീ ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ പരിഗണനയിൽ
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തിനായി വെച്ചേക്കുമെന്ന് സൂചന. മന്ത്രിസഭയെ അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനുള്ള സർക്കാർ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ തീരുമാനമെടുത്തപ്പോൾ തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് സി.പി.ഐ. മന്ത്രിമാർ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. 'റൂൾസ് ഓഫ് ബിസിനസ്' (ഭരണകാര്യ ചട്ടങ്ങൾ) ലംഘിക്കപ്പെട്ടു എന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ, ഈ പരാതി ഭാവിയിൽ ഒരു നിയമപ്രശ്നമായി മാറിയേക്കുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്.
മുൻകൂർ അനുമതിയില്ലാതെ ഒപ്പിട്ട ധാരണാപത്രത്തിന് മന്ത്രിസഭയുടെ പിൻബലം നേടുക വഴി, ഈ നിയമപരമായ വെല്ലുവിളിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിഷയത്തിൽ സി.പി.ഐ. മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ധാരണാപത്രം അംഗീകാരത്തിനായി വെക്കുന്നതോടെ എൽ.ഡി.എഫിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായേക്കും.
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ സി.പി.ഐ. മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനം സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർത്തി.
പി.എം. ശ്രീ പദ്ധതി ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമമാണിത്. ഫണ്ട് നൽകില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനോട് പോരാടുകയാണ് വേണ്ടത്. എന്നാൽ, കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യമാണ് എന്ന ചിന്താഗതി ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെയ്ക്കാനാകുമോ എന്നും ലേഖനം ചോദിക്കുന്നു.
സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകണം. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ എഴുതിയ ലേഖനത്തിൽ, പുന്നപ്ര-വയലാർ കാലത്തെ ടി.വി. തോമസ് – സർ സി.പി. ചർച്ചയെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള പരാമർശങ്ങളുണ്ട്.
സി.പി.ഐ. മന്ത്രിമാരുടെ ബഹിഷ്കരണ ഭീഷണിക്കിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് വൈകുന്നേരം 3.30-ന് ചേരും. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിലുള്ള പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സി.പി.ഐ. മന്ത്രിമാരുടെ തീരുമാനം. വൈകുന്നേരത്തിനകം സമവായം ഉണ്ടായില്ലെങ്കിൽ അവർ യോഗത്തിൽ പങ്കെടുക്കില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഉടൻ വരാനിരിക്കുന്നതിനാൽ, ജനപ്രിയമായ നടപടികളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾ മന്ത്രിസഭായോഗം ഇന്ന് കൈക്കൊള്ളാൻ സാധ്യതയുണ്ട്.