PM ശ്രീ തർക്കം ഒത്തുതീർപ്പിലേക്ക്: കരാർ മരവിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി; CPI നേതാക്കൾ AKG സെൻ്ററിൽ | CPI

സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി കെ. രാജനുമാണ് ചർച്ചയ്‌ക്കെത്തിയത്.
PM ശ്രീ തർക്കം ഒത്തുതീർപ്പിലേക്ക്: കരാർ മരവിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി; CPI നേതാക്കൾ AKG സെൻ്ററിൽ | CPI
Published on

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ സി.പി.എം.-സി.പി.ഐ. തർക്കം പരിഹാരത്തിലേക്ക്. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാർ താൽക്കാലികമായി മരവിപ്പിക്കുന്നതിനും തുടർനടപടികൾക്കുമായി ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഇരുപാർട്ടികളും തമ്മിൽ ധാരണയായെന്നാണ് സൂചന. ഈ ഉപസമിതിയിൽ സി.പി.ഐ. മന്ത്രിമാരും ഉൾപ്പെട്ടേക്കും.(CPI leaders at AKG center regarding PM SHRI controversy )

ഒത്തുതീർപ്പ് ചർച്ചകൾക്കായി സി.പി.ഐ. നേതാക്കൾ സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലെത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി കെ. രാജനുമാണ് ചർച്ചയ്‌ക്കെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. ഇരു പാർട്ടികളും തമ്മിൽ ധാരണയായ സ്ഥിതിക്ക് ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ പങ്കെടുക്കും.

പിഎം ശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ആവശ്യത്തിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു സി.പി.ഐ. കരാർ ഒപ്പിട്ട സ്ഥിതിക്ക് ഇത് പൂർണ്ണമായി റദ്ദാക്കുന്നതിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളാണ് മന്ത്രിസഭാ ഉപസമിതിയുടെ പ്രധാന പരിഗണനയ്ക്ക് വരിക. ചില വ്യവസ്ഥകളോടെ കരാർ അംഗീകരിക്കണോ, അതോ കരാർ പൂർണ്ണമായി റദ്ദാക്കി നിയമപരമായി മുന്നോട്ട് പോകുമോ എന്ന കാര്യങ്ങളിൽ സർക്കാർ ഒരു വിശദീകരണം നൽകേണ്ടി വരും.

സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് പിടിച്ചുവാങ്ങാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് കരാറിലൊപ്പിട്ടതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആദ്യ വിശദീകരണം. എന്നാൽ ബി.ജെ.പി.യുടെയും ആർ.എസ്.എസ്സിന്റെയും സമ്മർദ്ദത്തിന് കീഴടങ്ങേണ്ടി വന്നുവെന്ന പ്രതികരണം പാർട്ടിയിൽ നിന്നു പോലും ഉയർന്നതോടെയാണ് സി.പി.എമ്മും പ്രശ്നം പരിഹരിക്കാൻ ഈ സമവായ നീക്കത്തിലേക്ക് തിരിഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com