മറയൂർ : തലയാർ എസ്റ്റേറ്റിലെ പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ വിനായകൻ എന്നയാളുടെ മൂന്ന് വയസുള്ള പശുവിനെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം നടന്നത്. ഏലക്കാട് എന്നറിയപ്പെടുന്ന ഫീൽഡ് നമ്പർ 27-ന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുക്കൾ പെട്ടെന്ന് വിരണ്ടോടുന്നത് ശ്രദ്ധയിൽപെട്ട തോട്ടം തൊഴിലാളികൾ പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ പിൻഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു.