ഇടുക്കി: മുട്ടം കാക്കൊമ്പിൽ സരോജിനിയെ തീകൊളുത്തി കൊന്ന കേസിൽ പ്രതിയായ വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിന് ഇടുക്കി ജില്ലാ കോടതി ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. 2021-ലാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്.(Court sentences accused to life imprisonment in case of setting elderly woman on fire)
സരോജിനിയുടെ മുഴുവൻ ഭൂസ്വത്തും തനിക്ക് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായി സുനിൽ കരുതിയിരുന്നു. എന്നാൽ പിന്നീട് സരോജിനി മറ്റ് സഹോദരിമാരുടെ മക്കൾക്കും സ്വത്ത് ഭാഗം വെച്ചു നൽകിയതാണ് സുനിലിനെ പ്രകോപിപ്പിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയുടെ ദേഹത്ത് സുനിൽ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി.
പാചക വാതക സിലിണ്ടർ തുറന്നിടുകയും, അടുപ്പിൽ നിന്ന് തീ പടർന്ന് റബർ ഷീറ്റ് കത്തിയുണ്ടായ അപകടമാണെന്ന് വരുത്തിത്തീർക്കാൻ സുനിൽ ശ്രമിക്കുകയും ചെയ്തു. തീകൊളുത്തുന്നതിന് മുമ്പ് സരോജിനിയുടെ വാരിയെല്ലുകൾ ചവിട്ടി തകർത്തതായും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. സംഭവസമയത്ത് സുനിലിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനകളാണ് പ്രതിയുടെ കള്ളങ്ങൾ പൊളിച്ചത്.