രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത പ്രഹരം : മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, പിന്നാലെ പാർട്ടിയിൽ നിന്നും 'ഗെറ്റ്ഔട്ട്' അടിച്ചു എന്നറിയിച്ച് സണ്ണി ജോസഫ്, രാഹുൽ ഹൈക്കോടതിയിലേക്ക്; അഡ്വ. S രാജീവ് ഹാജരാകും| Rahul Mamkootathil

എല്ലാ വാദങ്ങളും തള്ളിയാണ് ഈ തീരുമാനം
Court rejects Rahul Mamkootathil's bail plea
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. വിശദമായ വാദങ്ങൾക്കും തെളിവ് പരിശോധനകൾക്കും ശേഷമാണ് രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം കോടതി തള്ളിക്കൊണ്ടുള്ള സുപ്രധാന വിധി പ്രസ്താവിച്ചത്.(Court rejects Rahul Mamkootathil's bail plea)

ഇന്നലെ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖകൂടി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂർത്തിയാക്കിയത്. ഇന്ന് 25 മിനിറ്റ് നീണ്ടുനിന്ന വാദത്തിനിടെ ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നിലവിൽ സസ്പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ, അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. രാഹുലിനെതിരെ ഉടൻ നടപടി എടുക്കുന്നതിൽ നേരത്തെ കെ.പി.സി.സി. പ്രസിഡന്റിന് വിമുഖതയുണ്ടായിരുന്നു. എന്നാൽ, കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ എ.ഐ.സി.സി.യുടെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉടൻ നടപടി എടുത്തത്.

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. രാഹുലുമായി ബന്ധപ്പെട്ടവർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചനകൾ പൂർത്തിയാക്കി. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ ഉടൻ തന്നെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് രാഹുലിന്റെ ആലോചന. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്. രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. നാളെ (വെള്ളിയാഴ്ച) ഉച്ചയോടെ ഹർജി ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാനുള്ള നീക്കം നിലവിൽ രാഹുലിനില്ല എന്നാണ് വിവരം. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്തുകൊണ്ടാണ് ഈ നിയമ നീക്കങ്ങൾ.

പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഫ്ലാറ്റിലെത്തി രാഹുൽ ആത്മഹത്യാഭീഷണി മുഴക്കി സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് സുഹൃത്ത് ജോബിയിൽ നിന്ന് ഗുളിക വാങ്ങേണ്ടിവന്നത്.

അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ നിർണായക മൊഴിയും ചികിത്സാ രേഖകളും ഹാജരാക്കി. ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധം. പ്രതി ഒളിവിലാണ്, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ട്.

പ്രതിഭാഗം പറഞ്ഞത് യുവനേതാവിന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുള്ള സി.പി.എം.-ബി.ജെ.പി. ഗൂഢാലോചനയാണ് പരാതിക്ക് പിന്നിൽ. ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു. പുതുതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ് മുൻകൂർ ജാമ്യാപേക്ഷ തടയാൻ മനപ്പൂർവം കെട്ടിച്ചമച്ചതാണ്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണിത്.പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്.

ഒളിവിലുള്ള രാഹുലിനെ തേടി ബെംഗളൂരുവിലടക്കം പോലീസ് അന്വേഷണം തുടരുകയാണ്. വയനാട്-കർണാടക അതിർത്തി പ്രദേശങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com