കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ ദമ്പതികളെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസ്സുള്ള ആൺകുട്ടി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Couple found dead inside house in Kottayam, 3 year old survives)
രാവിലെ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവരെ ഇവിടെ എത്തിച്ച ആളുമായി ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് ഹാളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
ഒരാഴ്ച മുൻപ് മാത്രമാണ് ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. വീട്ടിൽ നിന്ന് പലപ്പോഴും ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് ഉടമ പറയുന്നു. ദമ്പതികൾ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

