ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം: ശുദ്ധി കലശം നടത്തും | Temple
കൊച്ചി: എറണാകുളം നോർത്ത് പറവൂരിലെ പ്രസിദ്ധമായ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ശ്രീകോവിലിൽ കയറാൻ ശ്രമം. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉത്തരേന്ത്യയിൽ നിന്നെത്തിയ ദമ്പതിമാർ വിഗ്രഹത്തിൽ മാല ചാർത്താനായി ശ്രീകോവിലിന്റെ പടികൾ കയറുകയായിരുന്നു.(Couple attempts to enter the inside of Dakshina Mookambika Temple)
ശ്രീകോവിലിന്റെ രണ്ട് ചവിട്ടുപടികൾ കയറിയ ദമ്പതിമാർ വിഗ്രഹത്തിനടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ മേൽശാന്തി ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഭക്തർക്ക് വിഗ്രഹത്തിൽ നേരിട്ട് മാല ചാർത്താൻ അനുവാദമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലും ഈ രീതിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ അകത്തേക്ക് കയറിയതെന്ന് മേൽശാന്തിയോട് വിശദീകരിച്ചു.
ദമ്പതിമാർ മാലയുമായി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ഭക്തർ ഉടൻ തന്നെ മേൽശാന്തിയെ വിവരം അറിയിക്കുകയായിരുന്നു. ആചാര ലംഘനം നടന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പരിഹാര കർമ്മങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തിങ്കളാഴ്ച രാത്രി തന്നെ ക്ഷേത്രം തന്ത്രിയെത്തി പ്രാഥമിക ശുദ്ധീകരണമായ പുണ്യാഹം നടത്തി.
ബുധനാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ വിപുലമായ പരിഹാര ക്രിയകളും ശുദ്ധി കലശവും നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെങ്കിലും ക്ഷേത്ര ആചാരങ്ങൾ പാലിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
