
ആലപ്പുഴ: വിൽപ്പനയ്ക്കെത്തിച്ച 13 ഗ്രാം MDMA-യുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിലായി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ , ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്.സിയ മാസങ്ങളായി കേരളത്തിനു പുറത്തുനിന്ന് ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് കച്ചവടം നടത്തുകയായിരുന്നു. വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് പൊലീസ് സംസ്ഥാനത്ത് വ്യാപകമായി ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്.