തിരുവനന്തപുരം: അഴിമതിക്കേസിൽ ആരോപണവിധേയനായ ജയിൽ ഡിഐജി വിനോദിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ടാണ് കൈമാറുന്നത്.(Corruption case, Report to be submitted today to suspend DIG Vinod)
അഴിമതി ആരോപണം ഉയർന്ന വിനോദിനെ സംരക്ഷിക്കാൻ ജയിൽ വകുപ്പിലെ ചില ഉന്നതർ ശ്രമിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഡിഐജിയുടെ ഭാഗത്തുനിന്നുണ്ടായ ചട്ടവിരുദ്ധമായ ജയിൽ സന്ദർശനങ്ങൾ നേരത്തെ തന്നെ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല എന്നത് വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും റിപ്പോർട്ടിലുണ്ട്. വിനോദിനെതിരായ മുൻ പരാതികൾ ജയിൽ വകുപ്പ് ഗൗരവമായി എടുക്കാതെ മുക്കിയതായും ആക്ഷേപമുണ്ട്. വിനോദിന്റെ അച്ചടക്ക ലംഘനങ്ങളെക്കുറിച്ച് മധ്യമേഖലാ മുൻ ഡിഐജി ജയിൽ മേധാവിക്ക് ഔദ്യോഗികമായി കത്തുകൾ നൽകിയിരുന്നെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടില്ല.