കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ്റെ പ്രചാരണ ബോർഡിനെ ചൊല്ലി ജില്ലാ ഘടകത്തിൽ തർക്കം രൂക്ഷം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിൻ്റെയും വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിലിൻ്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചതാണ് വിവാദമായത്.(Controversy over Youth Congress Kannur District Convention campaign poster)
ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ പോസ്റ്ററിൽ സംസ്ഥാന, ജില്ലാ പ്രസിഡൻ്റുമാരുടെ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ബിനു ചുള്ളിയിലിനെക്കൂടി ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉയർന്നതോടെ, അബിൻ വർക്കി, കെ.എം. അഭിജിത്ത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും ഉൾപ്പെടുത്തണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെയാണ് വിവാദം ഒഴിവാക്കാൻ പ്രസിഡൻ്റുമാരുടെ ഫോട്ടോ മാത്രം വെച്ച് ഔദ്യോഗിക പോസ്റ്റർ ഇറക്കാൻ തീരുമാനിച്ചത്.
ഔദ്യോഗിക തീരുമാനത്തിൽ എതിർപ്പുള്ള വിഭാഗമാണ് ഇന്നലെ രാത്രി ഡി.സി.സി. ഓഫീസിന് മുന്നിലടക്കം വർക്കിംഗ് പ്രസിഡൻ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത്. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളുടെ പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്.
എന്നാൽ, ജില്ലാ കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ബോർഡുകൾ രാവിലെ തന്നെ നീക്കം ചെയ്തു. സംഘടനയ്ക്കുള്ളിലെ ഈ പോസ്റ്റർ യുദ്ധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.