തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. രാഹുലിനെതിരെ കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴും എന്ത് കൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു.(Controversy again in Congress over delay in action against Rahul Mamkootathil)
മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് കൊണ്ട് മാത്രമാണോ രാഹുലിനെ പുറത്താക്കിയതെന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാർട്ടിക്ക് ന്യായീകരിക്കാമെങ്കിലും, നടപടി പ്രഖ്യാപിച്ച സമയം ഏറെ വിചിത്രമാണ്.
എ.ഐ.സി.സിയുടെ അനുമതിക്ക് വേണ്ടിയാണ് കാത്തതെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പിന്നീട് വിശദീകരിച്ചെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ തീരുമാനം എന്തുകൊണ്ട് വൈകിയെന്ന് ചോദ്യമുയരുന്നു. "നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു" എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്.
രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് "ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി" എന്നാണ് കെ.പി.സി.സി. അധ്യക്ഷൻ പറഞ്ഞത്. എന്നാൽ ഇത് ചെറിയ തോതിൽ മാത്രമാണോ എന്നും വിമർശകർ ആവർത്തിച്ച് ചോദിക്കുന്നു. "ആരും എടുക്കാത്ത ധീരമായ നടപടിയാണിത്" കെ സി വേണുഗോപാൽ പറഞ്ഞു. എം.എൽ.എ. സ്ഥാനം ഒഴിയണോ എന്ന് അദ്ദേഹം തീരുമാനിക്കണം. പല പാർട്ടികളും നടപടി പോലും എടുക്കാതെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ വിഷയത്തിൽ ആദ്യമായല്ല കോൺഗ്രസ് നടപടി വിവാദമാകുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിനെ സസ്‌പെൻഡ് ചെയ്തപ്പോഴും പരസ്യമായി തന്നെ സംരക്ഷണം നൽകുന്ന അവസ്ഥയുണ്ടായി. രാഹുൽ നിയമസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരാണ് ഒപ്പമുണ്ടായിരുന്നത്. നേതാക്കൾ തള്ളി പറയുമ്പോഴും രാഹുൽ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അപേക്ഷ തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂർത്തിയാക്കിയത്. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം തള്ളിക്കൊണ്ടാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.