കണ്ണൂർ: സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥയായ 'ഇതാണെൻ്റെ ജീവിതം' പ്രസിദ്ധീകരിച്ചതിന് പിന്നാലെ പാർട്ടിയിൽ അമർഷം പുകയുന്നു. സംഘടനയ്ക്കുള്ളിൽ പാർട്ടി മൂടിവെച്ച വിവാദങ്ങൾ പരസ്യപ്പെടുത്തിയതാണ് നേതൃത്വത്തിൽ അതൃപ്തിയുണ്ടാക്കിയത്.(Controversies simmers in CPM over EP Jayarajan's autobiography)
സംഘടനയ്ക്കുള്ളിൽ പി. ജയരാജൻ തനിക്കെതിരെ നടത്തിയ വിമർശനങ്ങളടക്കം ഇ.പി. ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയതാണ് പ്രധാനമായും അമർഷത്തിന് കാരണം. സി.പി.എമ്മിലെ സംഘടനാപരമായ ചർച്ചകൾ സാധാരണയായി നേതാക്കൾ പുറത്തുപറയാറില്ല. അതെല്ലാം മാധ്യമവാർത്തകൾ മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്.
പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എന്ന് ഇ.പി. ആത്മകഥയിൽ വ്യക്തമാക്കുന്നു. "ബന്ധപ്പെട്ട ആളുകൾ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു" എന്നും അദ്ദേഹം തുറന്നെഴുതി.
എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തിയും ഇ.പി. ആത്മകഥയിൽ തുറന്നുപറയുന്നുണ്ട്. ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിട്ടുണ്ട്. പി. ജയരാജനും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
മൂന്ന് മാസം മുമ്പ് പി. ജയരാജന്റെ പുസ്തക പ്രകാശനത്തിൽ ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നു. എന്നാൽ, ഇ.പി.യുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് പി. ജയരാജനെ ക്ഷണിച്ചിരുന്നില്ല. പുസ്തക പ്രകാശന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻപിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ ഇതര പാർട്ടി നേതാക്കളടക്കം പങ്കെടുത്തിരുന്നു.
പാർട്ടിക്ക് അകത്തുള്ള കാര്യങ്ങൾ പരസ്യമാക്കിയത് നേതൃത്വത്തിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സി.പി.എമ്മിനുള്ളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.