'പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് യാഥാർഥ്യം' : മന്ത്രി സജി ചെറിയാൻ, പരാതി നൽകി യൂത്ത് കോൺഗ്രസ് | Saji Cherian

സത്യപ്രതിജ്ഞാ ലംഘനമെന്ന് പരാതി
'പ്രസ്താവന വളച്ചൊടിച്ചു, പറഞ്ഞത് യാഥാർഥ്യം' : മന്ത്രി സജി ചെറിയാൻ, പരാതി നൽകി യൂത്ത് കോൺഗ്രസ് | Saji Cherian
Updated on

തിരുവനന്തപുരം: മലപ്പുറം, കാസർഗോഡ് ജില്ലകളിലെ ജനപ്രതിനിധികളെയും വോട്ടർമാരെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന വർഗീയ വിദ്വേഷം പടർത്തുന്നതാണെന്നും ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. (Controversial statement, Youth Congress files complaint against Minister Saji Cherian)

യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നതിനിടെയാണ് സജി ചെറിയാൻ മലപ്പുറത്തെയും കാസർഗോഡിനെയും പരാമർശിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്കിയാൽ ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല എന്ന് കാണാമെന്നും, കാസർഗോഡ് നഗരസഭ ഫലം പരിശോധിച്ചാലും ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഏത് സമുദായത്തിന് ഭൂരിപക്ഷമുണ്ടോ അവരേ ജയിക്കൂ, കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശുമാക്കാൻ ആരും നിൽക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെയും കാസർഗോട്ടെയും ജനപ്രതിനിധികളെക്കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം മേഖലകളിൽ മുസ്‌ലിം ലീഗും ഹിന്ദു മേഖലകളിൽ ബിജെപിയും വോട്ടർമാരെ നയിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകരുത് എന്നാണ് താൻ ഉദ്ദേശിച്ചത്. കേരളം ഉത്തർപ്രദേശോ മധ്യപ്രദേശോ ആയി മാറരുത് എന്ന ആഗ്രഹമാണ് താൻ പങ്കുവെച്ചത്.

കാസർഗോഡ് നഗരസഭയിൽ മതേതരത്വം പറയുന്ന ഇടതുപക്ഷത്തിന് ഒരു സീറ്റും കോൺഗ്രസിന് രണ്ട് സീറ്റും മാത്രമാണ് ലഭിച്ചത്. എന്നാൽ വർഗീയത പറയുന്ന ബിജെപി 12 സീറ്റും ലീഗ് 22 സീറ്റും നേടി. ഈ അവസ്ഥ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കരുത് എന്നാണ് താൻ പറഞ്ഞത്.

ആർഎസ്എസ് ഉയർത്തുന്ന തീവ്ര വർഗീയതയെ പ്രതിരോധിക്കാൻ ന്യൂനപക്ഷ വർഗീയതയ്ക്ക് കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെയാണ് ശക്തിപ്പെടുത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്നും ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെന്നും ഇടതുഭരണത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് വിജയിച്ചത് വർഗീയ വോട്ടുകൾ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. താൻ പറഞ്ഞത് വസ്തുതകളാണെന്നും ജനപ്രതിനിധികളുടെ പേരുകൾ വായിക്കാൻ പറഞ്ഞത് ആർക്കും പരിശോധിക്കാവുന്ന കാര്യമായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com