'എല്ലാം നല്ലതാവണം എന്ന ഉദ്ദേശത്തോടെയാകും അടൂര്‍ പറഞ്ഞത്'; ന്യായീകരിച്ച് മന്ത്രി വി.എന്‍ വാസവന്‍ | Controversial remark

'അടൂര്‍ പറഞ്ഞതില്‍ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല, ശ്രദ്ധ വേണമെന്നാണ് പറഞ്ഞത്, അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കി'
Vasavan
Published on

കോട്ടയം: അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് മന്ത്രി വി.എന്‍ വാസവന്‍. അടൂര്‍ പറഞ്ഞതില്‍ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല. ശ്രദ്ധ വേണമെന്നാണ് അടൂര്‍ പറഞ്ഞത്. അടൂര്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കിയെന്നും മന്ത്രി ആരോപിച്ചു.

"അടൂര്‍ സിനിമാ ലോകത്തെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനും പ്രതിഭാശാലിയുമായ സംവിധായകനാണ്. എല്ലാം നല്ലതാവണം എന്ന ഉദ്ദേശത്തോടെയാകും അടൂര്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ അതിനെ വളച്ചൊടിച്ച് വിവാദമാക്കാനാണ് ശ്രമിച്ചത്." - മന്ത്രി പറഞ്ഞു. എല്ലാ കാര്യത്തിലും ശ്രദ്ധയുണ്ടാകണമെന്നുമാത്രമാണ് അടൂര്‍ പറഞ്ഞത്. മാത്രമല്ല, സര്‍ക്കാര്‍ സ്ത്രീകള്‍ക്കും എസ് സി/ എസ്ടി വിഭാഗങ്ങള്‍ക്കും ഒപ്പം തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശമുന്നയിച്ചത്. സ്ത്രീയാണെന്നത് കൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സിനിമ നിര്‍മാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെയായിരുന്നു പരാമര്‍ശം.

"പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നല്‍കുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നല്‍കണം. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സര്‍ക്കാര്‍ പണം നല്‍കേണ്ടത്." - എന്നാണ് അടൂര്‍ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com