തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ സംശയമുന്നയിച്ച് കോടതി.കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് പോലീസില്‍ ആദ്യം പരാതിപ്പെടാതെ കെപിസിസിക്ക് പരാതി നല്‍കിയതെന്നും പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്നും കോടതി ചോദിക്കുന്നു. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
ബാലാത്സംഗം എന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതിക്കെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. പക്ഷേ, ഈ പരാതി ഉന്നയിക്കാന്‍ എടുത്ത കാലതാമസം, പരാതിയില്‍ പറയുന്ന കാര്യങ്ങളിലെ വൈരുധ്യം എന്നിവയാണ് ഈ പരാതിയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയമുണ്ടാക്കാനിടയായത്.സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നും കോടതി വിലയിരുത്തി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു.
ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലഘട്ടത്തിനു ശേഷവും പ്രതിയും പരാതിക്കാരിയും നിരന്തരം ബന്ധം തുടര്‍ന്നതായി ഈ ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്തു എന്ന് പറയുന്ന ദിവസത്തിന് ശേഷവും പ്രതി തന്നെ വിവാഹം കഴിക്കും എന്ന് പെണ്‍കുട്ടി പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു. നികൃഷ്ടമായ ഉപദ്രവം നേരിട്ടിട്ടും അങ്ങനെ പ്രതീക്ഷിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ.