തിരുവനന്തപുരം: മേയ് 25-ന് കപ്പലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 ചരക്കുകപ്പലിന്റേതെന്ന് കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്തിനടുത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയതിനുശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം തീരത്തോട് അടുത്ത് കടലിനടിയിൽ കണ്ടെത്തുന്നത്.(Container part believed to be from sunken MSC Elsa-3 found in Kovalam)
കോവളം അശോക ബീച്ചിന് സമീപം ആണിത്, ഈ മേഖലയിൽ കടലിൽ പണിയെടുത്തിരുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെയ്‌നറിന്റെ ഭാഗം കണ്ടെത്തിയത്.
കോവളത്തെ 'മുക്കം'മലയുടെ തുടർച്ചയായി കടലിനടിയിലുള്ള പാറക്കെട്ടുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു കണ്ടെയ്‌നറിന്റെ ഭാഗം. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് എന്ന സംഘടനയും കൊച്ചിയിൽ നിന്നുള്ള സ്‌കൂബ ഡൈവേഴ്‌സും ചേർന്നാണ് കടലിനടിയിൽ തിരച്ചിൽ നടത്തിയത്.