
തിരുവനന്തപുരം : തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 47കാരന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിൽ പുതുജീവൻ. ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ്ഹെല്‍ത്തിലേക്ക് മാറ്റുകയുമായിരുന്നു.
ഹൃദയമിടിപ്പ് അസാധാരണ നിലയിലാകുന്ന വെന്‍ട്രിക്കുലാര്‍ ഫൈബ്രിലിയേഷൻ എന്ന അതീവ ഗുരുതരമായ രോഗാവസ്ഥ കാരണം രോഗി ഒന്നിലധികം തവണ അടിയന്തര ഡിഫൈബ്രിലിയേഷന് വിധേയമായി. ഇത് കൂടാതെ രോഗിക്ക് തുടർച്ചയായി ഹൃദയസ്തഭനവും അനുഭവപ്പെട്ടിരുന്നു. മുന്‍പ് ഹൃദയസംബന്ധമായ യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന രോഗിയുടെ ഹൃദയപേശികള്‍ അസാധാരണമായി ചുരുങ്ങിവരുന്നതായി കാര്‍ഡിയാക് ഇമേജിംഗില്‍ വ്യക്തമായി.
ഐസിയുവിലായിരുന്ന രോഗിയുടെ ഹൃദയമിടിപ്പ് ക്രമരഹിതമായ അവസ്ഥയിൽ തുടർന്നത് മൂലം രക്ത സമ്മര്‍ദ്ദം വലിയ രീതിയില്‍ താഴുന്നതിന് ഇടയാക്കി. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനായി രോഗിയെ അടിയന്തരമായി എക്മോ (എക്സ്ട്രാകോര്‍പറല്‍ മെമ്പറെയ്ന്‍ ഓക്സിജനേഷന്‍) യില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എക്മോയിലൂടെയും രോഗിയ്ക്ക് ആരോഗ്യനില വീണ്ടെടുക്കുവാനായില്ല എന്നുമാത്രമല്ല എക്‌മോ മാറ്റുമ്പോള്‍ രോഗിയില്‍ വീണ്ടും ഫൈബ്രിലിയേഷൻ സംഭവിക്കുകയും ചെയ്തു.
തുടർന്ന്, കാര്‍ഡിയോളജി ആന്‍ഡ് ഇലക്ട്രോഫിസിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അനീസ് താജുദ്ദീന്റെ നേതൃത്വത്തിൽ അടിയന്തിര ജീവന്‍ രക്ഷാ പ്രൊസീജ്യറുകളായ വെന്‍ട്രിക്കുലാര്‍ ടക്കികാര്‍ഡിയുടെ മാപ്പിംഗലേക്കും അബ്ലേഷനിലേക്കും കടക്കുകയായിരുന്നു. ഒരു പ്രത്യേക കത്തീറ്റര്‍ ഹൃദയത്തിലെ പ്രധാന പമ്പിംഗ് ചേമ്പറില്‍ സ്ഥാപിച്ചുകൊണ്ട് തത്സമയം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ജിപിഎസ് ട്രാക്കിംഗ് സംവിധാനത്തിന് സമാനമായി ഇലക്ട്രിക്കല്‍ സിംഗ്നലുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഇതുവഴി ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന രോഗബാധിത ഭാഗങ്ങള്‍ തിരിച്ചറിയുകയും ശേഷം കത്തീറ്ററുപയോഗിച്ച് അബ്ലേഷൻ ചെയ്തുകൊണ്ട് അരിത്മിയ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്തു.
പ്രൊസീജ്യറിന്റെ സമയത്ത് സാധാരണയായ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതിനായി നാല് തവണ രോഗിക്ക് ഡീഫൈബ്രിലിയേഷന്‍ ആവശ്യമായി വന്നു. ഹൃദയമിടിപ്പ് ശരിയായ നിലയിലായെന്ന് ഉറപ്പാക്കിയതിന് ശേഷം, ഭാവിയില്‍ ഹൃദയമിടിപ്പില്‍ താളപ്പിഴകളുണ്ടായാല്‍ അത് തിരിച്ചറിയുവാനും ശരിയായ നിലയില്‍ ക്രമീകരിക്കുന്നതിനുമായി ഒരു ഇംപ്ലാന്റബിള്‍ ഡീഫൈബ്രിലിയേറ്റര്‍ രോഗിയില്‍ ഘടിപ്പിക്കുകയും ചെയ്തു.
പ്രൊസീജ്യറിന് ശേഷം രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് അതിവേഗം സാധാരണ നിലയിലായി. തുടര്‍ച്ചയായ ഹൃദയസ്തംഭനം വൃക്ക, കരള്‍ തുടങ്ങിയ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ പ്രൊസീജ്യറിന് ശേഷം ഡയാലിസിസ് പതിയെ നിര്‍ത്തലാക്കുകയും ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഹൃദയാഘാതമുണ്ടായാല്‍ ഉടന്‍ നല്‍കേണ്ടുന്ന ചികിത്സാരീതികളെപ്പറ്റി പരിശീലനം നേടിയവരാണ് മിക്ക ഡോക്ടര്‍മാരും. എന്നാല്‍ ഇതുപോലെ ഉയര്‍ന്ന അപകടസാധ്യതകളുള്ള കേസുകളിൽ, ആദ്യ ദിവസങ്ങളില്‍ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ നിലനിര്‍ത്തുന്നതിനായി തീവ്രപരിചരണ വിദഗ്ദ്ധരുടെ ഒരു പ്രത്യേക ടീം ആവശ്യമാണ്. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ പ്രൊസീജ്യറുകൾ വിജയകരമായി നിര്‍വഹിക്കാനും ആരോഗ്യം വീണ്ടെടുക്കുവാനും ഇത് സഹായകമാകുമെന്നും ഡോ. അനീസ് താജുദ്ദീന്‍ പറഞ്ഞു.
കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സതീഷ് ബി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. അനില്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവര്‍ പ്രൊസീജ്യറിന്റെ ഭാഗമായി.