കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മഞ്ചേശ്വരത്ത് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി. യു.ഡി.എഫിൽ ജയസാധ്യതയുള്ള സീറ്റുകൾ മുസ്ലീം ലീഗിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും നടപടി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള, യു.ഡി.എഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളും മുസ്ലീം ലീഗിന് വിട്ടുനൽകിയതിലാണ് പ്രതിഷേധം ശക്തമായത്. "എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്" എന്ന് ചോദിച്ചാണ് പ്രവർത്തകരും നേതാക്കളും ചേർന്ന് മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയത്. കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ഹനീഫിൻ്റെ നേതൃത്വത്തിലായിരുന്നു ഓഫീസ് അടച്ചുപൂട്ടൽ.
ഹൊസങ്കടിയിലെ സ്വകാര്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്തു.
ഓഫീസിന് മുന്നിലെ കോൺഗ്രസിൻ്റെ ബോർഡുകൾ, ഓഫീസിലെ ഫർണിച്ചറുകൾ, ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങൾ തുടങ്ങിയവയാണ് നീക്കം ചെയ്തത്.ഈ വിഷയം യു.ഡി.എഫ്. നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.