തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും ബലാത്സംഗ പരാതി ഉയർന്ന സാഹചര്യത്തിൽ, കോൺഗ്രസ്-യുഡിഎഫ് നേതൃത്വത്തിലെ വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്നുമാണ് നേതാക്കളുടെ പ്രധാന ആവശ്യം.(Congress women leaders take a strong stand against Rahul Mamkootathil)
കെ.കെ. രമ എംഎൽഎ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ എന്നിവരാണ് പരസ്യമായി രാഹുലിനെതിരെ വിമർശനം ഉന്നയിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായതും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് വനിതാ നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഷാനിമോൾ ഉസ്മാൻ, ദീപ്തി മേരി വർഗീസ്, സജന ബി. സാജൻ: ഇവർ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. "ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരരുത്," എന്ന് ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു. കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്നാണ് ദീപ്തി മേരി വർഗീസിന്റെ നിലപാട്.
രാഹുൽ എംഎൽഎ സ്ഥാനം അടക്കം രാജിവെക്കണം എന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമാണ് എന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ ജെബി മേത്തർ എംപി ന്യായീകരിച്ചു. രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു.