വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ് വാർഡ് മെമ്പർ പാർട്ടി വിട്ട് BJPയിലേക്ക് | Congress

നിലവിൽ കോൺഗ്രസാണ് നെല്ലനാട് പഞ്ചായത്ത് ഭരിക്കുന്നത്.
വെഞ്ഞാറമ്മൂട്ടിൽ കോൺഗ്രസ് വാർഡ് മെമ്പർ പാർട്ടി വിട്ട് BJPയിലേക്ക് | Congress
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിന് തിരിച്ചടി. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം വാർഡ് മെമ്പർ പി. ബാബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ബാബു.(Congress ward member in Venjarammoodu leaves party to join BJP)

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കോൺഗ്രസിന് വേണ്ടി മാണിക്യമംഗലം വാർഡ് പിടിച്ചെടുത്ത നേതാവാണ് പി. ബാബു. കഴിഞ്ഞ ദിവസമാണ് ബിജെപി പ്രാദേശിക നേതാക്കൾ വീട്ടിലെത്തി ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങളോടൊപ്പം വളർന്നു നിൽക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ ബിജെപിയുടെ ഭാഗമാകാനുള്ള താൽപ്പര്യമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് പി. ബാബു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷൻ എന്ന നിലയിൽ തന്റെ മനസ്സിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ അഞ്ചിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുമെന്നും ബാബു അറിയിച്ചു.

അതേസമയം, ബാബുവിന്റെ കൂടുമാറ്റത്തെ മറ്റൊരു തരത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സ്വന്തം വാർഡ് (മാണിക്യമംഗലം) സ്ത്രീ സംവരണമായതിനാൽ സമീപത്തെ കാവറ വാർഡിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി ഇത് അംഗീകരിക്കാത്തതിലുള്ള അതൃപ്തിയാണ് ബിജെപിയിലേക്ക് പോകാൻ കാരണമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു.

കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാതിരുന്ന ബാബുവിന് സ്വന്തം വാർഡിൽപ്പോലും ജനപിന്തുണ കുറഞ്ഞുവരികയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. നിലവിൽ കോൺഗ്രസാണ് നെല്ലനാട് പഞ്ചായത്ത് ഭരിക്കുന്നത്. ബിജെപിക്ക് ഒരു അംഗം മാത്രമാണ് ഇവിടെയുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ പ്രാദേശിക നേതാക്കളെ ആകർഷിച്ച് ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com