തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻതൂക്കം നേടാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും.(Congress to decide on candidates for Assembly elections)
തർക്കമില്ലാത്ത സീറ്റുകളിലെയും സിറ്റിങ് സീറ്റുകളിലെയും സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തിറക്കും. ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും. ജയസാധ്യതയും യുവാക്കൾക്കുള്ള മുൻഗണനയുമായിരിക്കും പ്രധാന മാനദണ്ഡം. എ.ഐ.സി.സി നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ്ഗഡി, കർണാടക മന്ത്രി കെ.ജെ. ജോർജ് എന്നിവർ ഉടൻ കേരളത്തിലെത്തും.
സുൽത്താൻ ബത്തേരിയിൽ നടന്ന 'ലക്ഷ്യ 2026' നേതൃക്യാമ്പിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ചുരുങ്ങിയത് 100 സീറ്റുകൾ നേടി ഭരണം പിടിച്ചെടുക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. നിലവിലെ സർവ്വേകൾ പ്രകാരം 75 സീറ്റുകൾ വരെ കോൺഗ്രസിന് ഉറപ്പിക്കാമെന്നാണ് എ.ഐ.സി.സിക്ക് ലഭിച്ച വിവരം.
പ്രചാരണത്തിനായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ കേരളത്തിൽ സജീവമാകും. ജനുവരി 19-ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന 'മഹാപഞ്ചായത്ത്' പ്രചാരണത്തിന് ആവേശം പകരും. ഡി.സി.സികൾ നൽകുന്ന പട്ടികകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം ഹൈക്കമാൻഡ് അന്തിമ അനുമതി നൽകും.